മണ്ണും മനസും ജീവജാലങ്ങളും നരകതീയില് ഉരുകിയതിനു ശേഷം കിട്ടുന്ന മഴയോളം സുന്ദരമായത് വേറൊന്നുമില്ല. ചക്രവാതചുഴിയുടെയും അതി തീവ്രമഴയുടെയും ഈകാലത്ത് മഴയെ അറിയുന്നതിനൊപ്പം മഴയയേും പുഴയേയും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്താലോ കൂട്ടുകാരേ...
മഴയെ അളക്കാം
ഓരോരുത്തരുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് നിരീക്ഷണം നടത്തേണ്ടത്. ഇതിനായി ആദ്യം ചെയ്യേണ്ടത് വീട്ടുപരിസരത്ത് ഏറ്റവും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുകയാണ്. തടസങ്ങള്‍ ഒന്നുമില്ലാതെ നേരിട്ട് മഴവെള്ളം വീഴുന്ന രീതിയിൽ വേണം മഴമാപിനി (Rain Gauge- റെയിൻ ഗേജ്) വയ്ക്കാൻ. മരങ്ങളുടെ ശിഖരങ്ങളില്‍ നിന്നോ ടെറസില്‍ നിന്നോ അധികജലം മഴമാപിനിയിൽ വീഴാന്‍ പാടില്ല. വീടുകള്‍ക്ക് മുകളിലും ടെറസിലും മഴമാപിനി വയ്ക്കുന്നതും ശാസ്ത്രീയമായ നിരീക്ഷണത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. മുറ്റത്തും പരിസരത്തും ഉചിതമായ സ്ഥലത്ത് വയ്ക്കുമ്പോള്‍ അതിന് താങ്ങായി വയ്ക്കേണ്ടിവന്നേക്കാവുന്ന കല്ല്, ഇഷ്ടിക പോലുള്ള വസ്തുക്കൾ അധികം ഉയരം ഇല്ലാത്തതാവണം. അതില്‍ തട്ടി കൂടുതല്‍ വെള്ളം മഴ മാപിനിയില്‍ വീഴാന്‍ ഇടയാവാതിരിക്കാനാണിത്. നിലത്ത് ചെറിയ കുഴിയെടുത്ത് സ്ഥാപിക്കാവുന്ന പുതിയ ഇനം ഗുണമേന്മ കൂടിയ മഴമാപിനികളും ലഭ്യമാണ്. ഒരു ക്യാബിന്, അതിനുള്ളില്‍ കളക്ഷന്‍ ജാര്, വാലി ഉള്‍പ്പെടുന്ന മുകള്‍ അടപ്പ്, പുറമെ സൂക്ഷിക്കുന്ന മെഷറിംഗ് ജാര് (അളവ് പാത്രം) എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ മഴമാപിനി യൂണിറ്റും.
എങ്ങനെ അളക്കും
മഴയെ അളക്കാൻ ആരംഭിക്കുന്ന ദിവസം രാവിലെ 8.30 ന് മഴമാപിനിയില്‍ വെള്ളമില്ലാത്ത വിധം റീ സെറ്റ് ചെയ്ത് വയ്ക്കണം. പിറ്റേന്ന് രാവിലെ 8.30 നാണ് മഴയുടെ അളവ് എടുക്കേണ്ടത്. പിന്നോട്ടുള്ള 24 മണിക്കൂർ പെയ്ത മഴയുടെ അളവാണ് ശേഖരിക്കുന്നത്. അളവുപാത്രങ്ങളില്‍ 10 മില്ലി മീറ്റർ, 20 മി മീ. വീതം അളക്കാവുന്ന രണ്ട് മോഡല്‍ മഴമാപിനികള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ മഴമാപിനിയിലും ദശാംശം 2 (0.2) മുതല്‍ 1 മി.മീ. വരെ അങ്ങനെ 20 മി. മീ. വരെയുമാണ് അളവുകൾ ലഭ്യമാകുന്നത്. റിക്കാര്‍ഡ് ബുക്കില്‍ ദൈനം ദിന അളവുകള്‍ രേഖപ്പെടുത്തണം. അതിതീവ്ര മഴയുടെ സാഹചര്യങ്ങളില്‍ ഒരു മണിക്കൂര്‍ പെയ്ത മഴയുടെ അളവുകളും പരിശോധിച്ച് രേഖപ്പെടുത്തണം.
വീടുകളോടു ചേര്‍ന്നുളള നദീതടങ്ങളിലും മഴമാപിനികൾ സ്ഥാപിക്കാറുണ്ട്. മഴ മാപിനികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നദീതടങ്ങളില്‍ വരച്ചിട്ടുള്ള പുഴമാപിനി അളവുകളുമായി താരതമ്യം ചെയ്താല്‍ പ്രളയ മുന്നറിയിപ്പുകള്‍ മനസിലാക്കാനും സാധിക്കും.
മീനച്ചിലിലെ മഴ നിരീക്ഷണം
കാലവര്‍ഷം തിമിര്‍ത്തു പെയ്യുമ്പോള്‍ കോട്ടയം മീനച്ചിലാറിന്റെ തീരത്തുള്ളവര്‍ മഴ അളക്കുകയും നിരീക്ഷിക്കുകയുമാണ്. മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ മീനച്ചില്‍ മഴ നിരീക്ഷ ശൃഖല പദ്ധതിയുടെ ഭാഗമായിട്ടാണ് നൂറിലധികം കുട്ടികളും കര്‍ഷകരും വീട്ടമ്മമാരും മഴ അളക്കുന്നതും നിരീക്ഷിക്കുന്നതും. ഇവരുടെ മഴ നിരീക്ഷണം ഇന്ന് മഴ-വെള്ളപ്പൊക്ക മുന്നൊരുക്ക പ്രവര്‍ത്തനമായി മാറിയിരിക്കുകായണ്.
പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ നദീതടത്തിലെ വിവിധ സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ പരിസ്ഥിതി ക്ലബുകള്‍ രൂപീകരിച്ചു തുടങ്ങിയത്. വിംഗ്സ് ഓഫ് മീനച്ചിലാര്‍ എന്ന് സ്കൂള്‍ തലത്തിലും ഡ്രീംസ് ഓഫ് മീനച്ചിലാര്‍ എന്ന് കോളജ് തലത്തിലും അറിയപ്പെട്ട ഈ ഗ്രൂപ്പുകള്‍ പിന്നീട് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകളായി മാറി. 2018 ലെ അപ്രതീക്ഷിത തീവ്ര മഴയും പ്രളയവും സൃഷ്ടിച്ച സാഹചര്യങ്ങളില്‍ മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ നദീ - മഴ നിരീക്ഷണ ശൃംഖലയ്ക്ക് രൂപം കൊടുത്തതോടെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകളും ഈ സിറ്റിസണ്‍ സയന്‍സ് പ്രക്രിയയില്‍ പങ്കാളികളായി. മഴമാപിനി നിരീക്ഷണത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ക്ലൈമറ്റ് എക്വിപ്ഡ് സ്കൂളുകള്‍ എന്ന നിലയില്‍ പുഴമാപിനികളും (റിവര്‍ ഗേജ്) താപമാപിനികളും (തെര്‍മോമീറ്ററുകള്‍) നിരീക്ഷിക്കുന്ന തലത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം വിപുലീകരിച്ചു. മീനച്ചില്‍ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ ഇരുന്നൂറോളം വരുന്ന വോളന്റിയര്‍മാരില്‍ പകുതിയിലേറെ പേര് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ്.